മുവാറ്റുപുഴ: കോളേജിലെ ക്ലാസ് മുറിയില്‍ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ച് എംഎസ്‌എഫ്-എസ്‌എഫ്‌ഐ വിദ്യാർത്ഥികള്‍. കേരളത്തില്‍ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളജുകളില്‍ ഒന്നാണിത്. കോതമംഗലം രൂപതയുടെ കീഴിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോളേജിന്റെ പ്രവർത്തനം.
കോളേജില്‍ പഠിക്കുന്ന മുസ്ലീം വിദ്യാർത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിനെ തടഞ്ഞു വച്ചത്. കോളേജിന് സമീപത്തുള്ള മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെയാണ് കോളേജില്‍ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാർത്ഥികള്‍ സമരവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം കോളേജില്‍ 4 വിദ്യാർത്ഥിനികള്‍ ക്ലാസ് മുറിയില്‍ നിസ്‌കരിച്ചിരുന്നു. ഇത് ശരിയായ നിലപാട് അല്ല എന്ന് അദ്ധ്യാപകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് വിദ്യാർത്ഥികള്‍ സമരവുമായി രംഗത്ത് വന്നത്. കോളേജിന് സമീപത്ത് തന്നെയാണ് കോളേജ് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെയും വിദ്യാർത്ഥികള്‍ക്ക് ചെന്ന് നിസ്‌കരിക്കുന്നതിന് തടസ്സമില്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അത് പോരെന്നും കോളേജില്‍ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. കേരളത്തില്‍ വളർന്നു വരുന്ന മതമൗലിക വാദം വിദ്യാർത്ഥികളിലേക്കും കുത്തിവയ്‌ക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഒരു കോളേജില്‍ ഇത് അനുവദിച്ചു കഴിഞ്ഞാല്‍ മറ്റെല്ലാ വിദ്യാലയങ്ങളിലും നിസ്‌കരിക്കാൻ പ്രത്യേക സ്ഥലവും മസ്ജിദും വേണമെന്ന ആവശ്യം പിന്നാലെ ഉയരുമെന്നും ഇവർ ഭയപ്പെടുന്നു.